Thursday 24 April 2014

എൻറെ വി.ജി. ഇങ്ങനല്ല..!!!

      ദാസനും വിജയനും നീന്തിക്കയറിയ, 'ഗഫൂർക്കയുടെ ഗൾഫി'ലെ കടപ്പുറത്തിരുന്ന്, ഒരു കുരുത്തംകെട്ട ചെക്കൻ കോലൈസ് അകത്താക്കുന്ന കാഴ്ച കണ്ടപ്പോൾ, എന്റെ ഇപ്പോഴത്തെ അവസ്ഥയെ ചുരുക്കിപ്പറയാൻ പറ്റിയ ഏറ്റവും യോജിച്ച വാക്കു തന്നെ എനിക്കോർമ്മ വന്നു...

      കാണാൻ കൊള്ളാവുന്ന വല്ല പെണ്‍പിള്ളേരും കടലു കാണാൻ എത്തിയാൽ അവരെ നോക്കി വെള്ളമിറക്കിയെങ്കിലും വിഷമം മാറ്റാമായിരുന്നു. എവിടെ!!! ഈ കടപ്പുറത്തെന്നല്ല, ഈ നഗരത്തിൽ  മുഴുവൻ തപ്പിയാലും നിരാശയായിരിക്കും ഫലം. പണ്ടൊക്കെ, ഇഷ്ടനായകനായ സൂര്യയുടെ സിനിമകൾ കണ്ട് ഞാൻ വാ പൊളിച്ചിട്ടുണ്ട്- മൂപ്പരുടെ വീരശൂര പരാക്രമത്തിനു മുന്നിൽ വില്ലന്മാരുടെ മുട്ടിടിക്കുന്നു, നാട്ടുകാരുടെ കണ്ണിൽ മുഴുവൻ നായകനോടുള്ള ആരാധനയും ബഹുമാനവും നിറഞ്ഞു തുളുമ്പുന്നു..പക്ഷേ, നമ്മുടെ നായകൻ, ഒരു പെണ്ണിനെ കണ്ടുമുട്ടിയാൽ പിന്നെ, കഥ മുഴുവൻ മാറും. പിന്നെ, എല്ലാം മറന്ന്, മൂപ്പര് ആക്രാന്ത പരവശനായി മുന്നിൽ കാണുന്ന മരത്തിൽ മാത്രമല്ല, ഭിത്തിയിൽ വരെ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുന്നു. ഇപ്പോഴല്ലേ കാര്യം മനസിലായത് - ഇവിടെങ്ങും ഒരു നല്ല പെണ്ണിനെ മഷിയിട്ടാൽ കാണില്ല. ഹും..ഗഫൂർക്ക പറഞ്ഞത് ശരിയാണ്. അക്ഷരാർത്ഥത്തിൽ ഇതൊരു ഗൾഫ്‌(മരുഭൂമി) തന്നെ! വരണ്ട കത്തിരി വെയിലിലെ അതിവിരളമായ ഒരു മദ്യവേളയിൽ, പണ്ടെങ്ങോ ആത്മഹത്യ ചെയ്ത, സുന്ദരിയായ തൻറെ സഹപാഠിയെ ഓജോബോർഡ്  നിരത്തി വരുത്തിച്ചാലോ എന്ന്, എന്റെ സഹമുറിയനു തോന്നിയത് സ്വാഭാവികം മാത്രം! വന്നുവന്ന്, ഒരു പാദസരത്തിൻറെ  ശബ്ദം കേട്ടാൽ ഞാൻ തലകുമ്പിട്ടു തന്നെ ഇരിക്കും. വെറുതെ നോക്കിപ്പോയിട്ട് പിന്നെ 'ഛെ!' അടിക്കേണ്ടല്ലോ.
'ഈ പരിണാമ പ്രക്രിയക്ക് എന്താ, പുരുഷന്മാരുടെ ഈ അടിസ്ഥാന ആവശ്യത്തെ പരിഗണിച്ചു കൊണ്ട് എല്ലാ പെണ്ണുങ്ങളെയും സുന്ദരികളായി സൃഷ്ടിച്ചൂടെ!'*
എന്ന് ഞാൻ ആലോചിച്ചു നിൽകുമ്പോഴാണ് ഒരണ്ണാച്ചി, 'തമിഴ്നാട്ടിൽ നല്ല പെണ്‍പിള്ളേരെ കാണണമെങ്കിൽ ചെന്നൈയിൽ വരണ'മെന്ന് അരുൾ ചെയ്തത്! ഇതും കൂടി കേട്ടപ്പോഴുണ്ടായ ആഘാതത്തിൽ, വാടകയ്ക്കെടുത്ത പുതിയ വീടിൻറെ കുളിമുറിഭിത്തിയിൽ, മുൻപ് താമസിച്ചിരുന്ന കുമാരിമാർ പതിച്ചിരുന്ന പലവർണ്ണത്തിലുള്ള പൊട്ടുകൾ കഴുകിക്കളയാൻ പോലും ഈ പാവം ഞാൻ മറന്നു പോയി!
ശ്ശോ! ഞാൻ പറഞ്ഞുപറഞ്ഞ് കാടുകയറി.(ഹല്ലാ, എന്നെ പറഞ്ഞിട്ടും കാര്യമില്ല. ഒരു സൗന്ദര്യാരാധകനായി ജനിച്ചത് എന്റെ കുറ്റമാണോ!) കാട്ടിൽ നിന്നും ക്യാമറ വീണ്ടും കടപ്പുറത്തേക്ക് തിരിയട്ടെ. ആ പരട്ട ചെക്കൻ ഐസ് വലിച്ചു കേറ്റുന്ന സീൻ വീണ്ടും വരട്ടെ. എന്നിട്ട്, പതുക്കെ, ലൈറ്റ്സ്സ് ഡിം ആകട്ടെ.. ഇനി ഫ്ലാഷ് ബാക്ക്.

      കെമ്പഗൗഡ കോട്ടകെട്ടിയ നഗരത്തിൽ തകർത്തുല്ലസിച്ചു നടക്കുന്നതിനിടയിൽ, ഒരു ദിവസം മദ്യം പാണ്ടിയെ കുടിച്ച് (വ്യാകരണ തെറ്റല്ല. അങ്ങനെ തന്നെയാ നടക്കാറ്.) ചെറിയൊരു ബൈക്കപകടമുണ്ടായി. രാത്രിയിൽ, അവൻ റോഡിൻറെ വീതി അളന്നു കൊണ്ട് സൈൻ വേവ് ആകൃതിയിൽ, സമാധാനത്തോടെ ഹൈവേയിലൂടെ വണ്ടി ഓടിക്കുകയായിരുന്നു. ഏതോ സാമൂഹ്യദ്രോഹികൾ റോഡിൽ സ്പീഡ് ബ്രെയ്ക്കർ സ്ഥാപിച്ചിട്ടുണ്ടായിരുന്നു. 90 മൈൽ സ്പീഡിൽ സാവധാനം ബൈക്ക് ഓടിച്ചിരുന്ന പാവം പാണ്ടി പക്ഷെ, അത് കണ്ടില്ല. അങ്ങനെ അവസാനം സെൻറ് ജോണ്‍സ് ഹോസ്പിറ്റലിൽ വരെ എത്തി. മൂപ്പർക്ക്  ഒരു ചെറിയ കുഴപ്പം ഉണ്ട്. സ്വബോധം തീരെ മറഞ്ഞാൽ പിന്നെ കക്ഷി, ഇംഗ്ലീഷ് മാത്രേ സംസാരിക്കൂ. ഇഞ്ചക്ഷൻ വെച്ചപ്പോൾ വേദനിച്ചതിനാൽ, മലയാളി കൂടിയായ ലേഡി ഡോക്ടർ  കേൾക്കെ,
' Oh my  God ! All girls are like this ..!'
എന്ന് പല്ലുകടിച്ചുകൊണ്ട് അവൻ പ്രസ്താവിച്ചു. ഇതു കേട്ട ഡോക്ടർക്ക്, ഇവൻ പ്രണയനൈരാശ്യം മൂത്ത് വെള്ളമടിച്ചു തലയും കുത്തി വീണതാണോന്ന് സംശയം തോന്നിപ്പോയതിനെ കുറ്റം പറയാൻ പറ്റില്ല. ശരീരത്തിൽ എല്ലുകളുടെ എണ്ണം കൂടിയതിനാൽ പാണ്ടിയെ അവിടെ അഡ്മിറ്റ്‌ ചെയ്യേണ്ടി വന്നു.

      അവിടുത്തെ സുന്ദരികളായ നേഴ്സുമാരെയും ഡോക്ടർമാരെയും കണ്ണുകൾ കൊണ്ട് തഴുകി, ഭ്രമിച്ചു നടക്കുമ്പോൾ, അതാ, ഞങ്ങൾ അഞ്ചാറെണ്ണത്തോട് ഒരു നേഴ്സ് പോസിറ്റീവ് ആയി പ്രതികരിക്കുന്നു. ഞങ്ങളെ കാണുമ്പോഴൊക്കെ അവൾക്ക് ഒരു വല്ലാത്ത നാണം. പാണ്ടിക്ക് ബോധം തെളിഞ്ഞു. കയ്യിലെ വല്യ കെട്ടും വെച്ചുകൊണ്ട് അവൻ പതുക്കെ എന്നെ തോണ്ടി. 'ഡാ, തത്പര കക്ഷിയാണെന്നു തോന്നുന്നു..' പിന്നെ ഞങ്ങൾ  മോശമാക്കുമോ. അവളോടു നേരിട്ടു സംസാരിച്ചു. ഹാഫ് മലയാളി. മംഗലാപുരം സെറ്റ്ൽഡ്. ആഹ്.. എന്ത് കുന്തമെങ്കിലും ആകട്ടെ. ഞങ്ങൾ വളരെ പെട്ടെന്ന് കമ്പനിയായി. കൂട്ടത്തിൽ ഞാൻ കുറച്ചധികം താല്പര്യം കാണിച്ചു കേട്ടോ (എനിക്ക് വേറെ പണിയൊന്നുമില്ലായിരുന്നു.) ഞാൻ ആയിരുന്നു ഹോസ്പിറ്റലിൽ പാണ്ടിയുടെ ഗാർഡിയൻ. ബാക്കിയുള്ളവരൊക്കെ ഇടയ്ക്ക് വന്നു വിവരം അന്വേഷിച്ച് തിരിച്ചു പോകും. അങ്ങനെ രണ്ടു ദിവസം ഞാൻ പഞ്ചാരയടിച്ച് നേരം കളഞ്ഞു. ആ രസം അധിക ദിവസം നീണ്ടു നിന്നില്ല. പാണ്ടി ഡിസ്ചാർജ് ആയി.

      ഒന്ന്-രണ്ട് ആഴ്ച കഴിഞ്ഞു. ഞങ്ങൾ എല്ലാം മറന്നിരുന്നു. അക്കാലത്ത് എനിക്ക് ജോലി തേടി നടക്കുന്ന പതിവുണ്ടായിരുന്നു. വെയിലത്ത്, ഇന്റർവ്യൂ'ന് പോയിട്ട് കിട്ടാതെ വരുമ്പോൾ, ഉച്ചകഴിഞ്ഞ് വെറുതെ, വാടിത്തളർന്ന് ഉറങ്ങുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. അങ്ങനൊരു ദിവസം, ഒരു ഉച്ച-ഉച്ചര-ഉച്ചേമുക്കാൽ ആയിട്ടുണ്ടാകും. എൻറെ നിരാശാമയക്കത്തിൽ നിന്ന്, മൊബൈൽ എന്നെ വിളിച്ചുണർത്തി.അങ്ങേ തലയ്ക്ക് ഒരു കിളിനാദം. ഞാൻ ക്ഷീണം മറന്ന് ഉഷാറായി.
 "ഹലോ.. അനൂപല്ലേ? ഞാൻ ആരാണെന്നു മനസ്സിലായോ..???"
"ഇല്ലാലോ.." (മനസിൻറെ കോണ്ടാക്റ്റ് ലിസ്റ്റിൽ ഞാൻ സെർച്ച്‌ ബട്ടണ്‍ അമർത്തിക്കഴിഞ്ഞിരുന്നു.)
"സെൻറ് ജോണ്‍സ് ഹോസ്പിറ്റലിൽ വന്നതോർമ്മയുണ്ടോ?"
"ഓഹ്.. സോണിയാ.."
"അപ്പോ, ഓർമ്മയുണ്ടല്ലേ.."
"അങ്ങനെയങ്ങു  മറക്കാൻ പറ്റുമോ?" (എൻറെ അടുത്താണോ കളി)
ആ നമ്പർ കുറിക്കു കൊണ്ടു. അവൾ മന്ദഹസിച്ചു.
"അല്ലാ.. എൻറെ നമ്പർ എങ്ങനെ കിട്ടി?" എനിക്കതാണ് അറിയേണ്ടത്.
"ഫ്രണ്ട് വന്നിരുന്നു. കൈയ്യിലെ കെട്ടഴിക്കാൻ.."
"ഓഹ്.... ലങ്ങനെ..."

      വൈകിട്ട് പാണ്ടി വന്നപ്പോൾ എല്ലാം വ്യക്തമായി. അവനെ ഒറ്റയ്ക്ക് കണ്ടപ്പോൾ, 'കൂട്ടുകാരെവിടെയെ'ന്ന് അവൾ തിരക്കി. 'എല്ലാവരും തിരക്കിലാണ്, ഒരാൾ നിന്നെ അന്വേഷിച്ചിരുന്നു' എന്നായി പാണ്ടി. അത് കേട്ട് അവൾക്ക് നാണം വന്നു. തൻറെ അന്വേഷണം തിരിച്ചും അറിയിക്കാൻ അവൾ ആവശ്യപ്പെട്ടു. 'ഇതാ, നേരിട്ടറിയിച്ചോ' എന്നും പറഞ്ഞ് അവൻ എൻറെ നമ്പർ  കൊടുത്തു പോലും.! അല്ലെങ്കിലും, പ്രേമിക്കുന്ന മനസ്സുകളെ ഒരുമിപ്പിക്കാൻ  അതീവ തത്പരനനാണു പാണ്ടി. ഈ കാര്യത്തിൽ എനിക്കും ഇവനോട് യോജിപ്പായിരുന്നു കേട്ടോ. പണ്ടാരാണ്ട് പറഞ്ഞത് പോലെ, 'പ്രേമിക്കുന്നവരെല്ലാം ഒരുമിക്കട്ടെ, അല്ലെങ്കിൽ ഇവരൊക്കെ നമ്മളെപ്പോലെയുള്ള പാവങ്ങളുടെ തലയിലാകും' - ഇതായിരുന്നു നമ്മുടെ ഒരു ലൈൻ.

      ഞങ്ങൾ ദിവസവും വിളിയും പറച്ചിലുമായി. 'ജനസംഖ്യാ വർധനവിനെ' ക്കുറിച്ചും, 'ആഗോളതാപന'ത്തെക്കുറിച്ചും ഒക്കെ സംസാരിക്കുന്നതിനിടയിൽ ഒരിക്കൽ എൻറെ  ഫോണിനെപ്പറ്റിയും ഡിസ്കഷൻ നടന്നു. എൻറെ ഫോണിനെ അവൾ 'പുതിയ ടച്ച്‌ മോഡൽ' എന്ന് പുകഴ്ത്തിയപ്പോൾ മുതൽ എനിക്ക് സംശയം തോന്നിത്തുടങ്ങി. കഴിഞ്ഞാഴ്ച എന്നെ നോക്കിയ റിസർച്ച് ആൻഡ്‌ ഡെവലപ്പ്മെൻറ് ഡിപ്പാർട്ട്മെൻറിൽ  നിന്ന് വിളിച്ചിരുന്നു. അവർക്ക്  എന്റെ ഫോണ്‍ തിരിച്ചു വേണമെന്ന്. ഇത്രയും കാലം ലാസ്റ്റ് ചെയ്ത ഈ മോഡലിനെ  കുറിച്ച് അവർക്ക് പഠിക്കണമത്രേ. അപ്പോ, ഇനി അവൾക്ക് ആള് മാറിപ്പോയോ..? അക്കാലത്ത് നമ്മുടെ പയ്യോളിക്ക് മാത്രേ ഒരു ടച്ച്‌ സ്ക്രീൻ മൊബൈൽ ഉണ്ടായിരുന്നുള്ളൂ. ഇക്കാര്യം ഇവന്മാരോട് ചോദിച്ചപ്പോ എന്നെ ഒന്നും പറയാൻ വിടുന്നില്ല..ആ കശ്മലൻമാര്..'നിനക്ക് പെണ്‍പിള്ളെരെ ആകർഷിക്കാൻ, എന്തോ കാന്ത ശക്തിയുണ്ട്,' എന്നും പറഞ്ഞു തുടങ്ങും..ആഹ് ..തൽകാലം ആ സംശയം ഞാൻ അവിടെ തന്നെ കുഴിച്ചുമൂടി..വെറുതെ എന്തിനാ ആ പാവം പെണ്ണിനെ സംശയിക്കുന്നെ..എന്തായാലും വരുന്നിടത്ത് വെച്ചു കാണാമെന്നു ഞാനും കരുതി.

      ഫോണ്‍ വഴിയുള്ള പഞ്ചാരയടി ഒരാഴ്ചയായി. നേരിട്ടു കാണുന്ന കാര്യംപറഞ്ഞപ്പോ, 'പിന്നെ, എന്തായാലും കാണണം'എന്നായി അവൾ. ഈ നിർബന്ധം കണ്ടപ്പോ എനിക്ക് വീണ്ടും സംശയം.. ഓഹ്.. എന്തായാലും ആവട്ടെ..എൻറെയൊരു കാര്യം.. വെറുതെ സംശയിച്ചോളും.. ഞാൻ എന്താ, ഒരുമാതിരി തളത്തിൽ  ദിനേശനെ പോലെ.. പിന്നെ ഒന്നും ആലോചിച്ചില്ല. ഞാൻ കുളിച്ച്, റൂമിലുണ്ടായിരുന്ന രണ്ടു മൂന്നു കൂട്ടം സ്പ്രേ ഒക്കെ പൂശി, പാണ്ടിയുടെ എഫ്സിയുമെടുത്ത് അവളുടെ മുന്നിൽ  ചെന്ന്, ബൈക്ക് സ്റ്റണ്ട് ഒക്കെ ചെയ്ത്, അവളോട് ക്ലോസ് ആയി നിർത്തി. സിനിമാ സ്റ്റൈലിൽ, സ്ലോ മോഷനിൽ ഞാൻ പതുക്കെ അവളുടെ  മുഖത്തേക്ക് നോക്കി. എന്നെ വല്ലാതൊന്നു തുറിച്ചു നോക്കിയിട്ട് അവൾ ചോദിച്ചു..
"ഷിബിയുടെ ഫ്രണ്ട്...???"
"ഉം..." അഭിമാനത്തോടെ ഞാൻ നെഞ്ചു വിരിച്ചു.
"ഇപ്പൊ സംസാരിച്ചത്..??"
"അതെ, ഞാൻ തന്നെ.."
"അനൂപ്‌ തന്നാണോ..??" അവൾക്ക്  പിന്നെയും സംശയം.
"അതെ, ഞാൻ തന്നെ.. അനൂപ്‌.." എൻറെ നെറ്റിയിൽ ചുളിവുകൾ വീണു.
"ഹേയ്, ചുമ്മാ.. കളി പറയല്ലേ..എവിടെ അനൂപ്‌???"
"അന്ന് കണ്ടപ്പോൾ എനിക്ക് മീശ ഇല്ലായിരുന്നു. അതായിരിക്കും.." ഞാൻ മീശ പൊത്തിപ്പിടിച്ചു. "ഇനിയൊന്നു നോക്കിയേ.." ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"നോ.. ഇത് അനൂപല്ല.. എൻറെ അനൂപ്‌ ഇങ്ങനല്ല.."
"പിന്നെ നിൻറെ അനൂപ്‌ എങ്ങനിരിക്കും???" എനിക്ക് ചൊറിഞ്ഞു  കേറാൻ തുടങ്ങി. കാര്യം എനിക്ക് ചില സംശയം ഒക്കെ ഉണ്ടായിരുന്നെങ്കിലും, ഇവൾ  ഇങ്ങനെ എടുത്തടിച്ച് പറയുമെന്ന് കരുതിയില്ല.
"അനൂപിന് കുറച്ചു കൂടി ഹൈറ്റ് ഉണ്ട്. നിന്നെക്കാൾ കളറും." അവൾ ഉറപ്പിച്ചു പറഞ്ഞു.

      എനിക്ക് സംഭവം കത്തി. ഇതവനാ..ആ കാമദേവൻ - പയ്യോളി.. പെണ്‍പിള്ളേരെ ലുക്ക്‌ കൊണ്ട് കറക്കിയെടുക്കുന്ന അലവലാതി. അവൻ കാരണം ഇങ്ങനെ എത്ര പെണ്‍പിള്ളേര് 'വഴിയാധാർ' ആയിട്ടുണ്ടെന്നോ..അവൻറെ വൃത്തികെട്ട സൗന്ദര്യത്തിനു മുൻപിൽ ഇവളും മൂക്കുകുത്തി വീണിരിക്കുന്നു. ഹല്ലാ, ഇവളെ പറഞ്ഞിട്ടും കാര്യമില്ല. അവൻറെ  മാന്ത്രികമായ മുഖഭാവങ്ങളും, കരചലനങ്ങളും, ഉന്മാദം നിറഞ്ഞ ആ നോട്ടവും കൊണ്ട്, പാവം പെണ്‍പിള്ളേരുടെ സമസ്ത ജീവകോശത്തിലും അവൻ പ്രേമം കുത്തി നിറയ്ക്കും. എന്നിട്ട് ഒന്നുമറിയാത്തവനെ പോലെ തടി തപ്പും. പക്ഷെ, ഹോസ്പിറ്റലിൽ ഇവൻ ആകെ അരമണിക്കൂറല്ലേ ഉണ്ടായിരുന്നുള്ളൂ. അതിനുള്ളിൽ കാര്യം സാധിച്ചല്ലേ, മിടുക്കൻ ..!!! ഇവൻ ഒറ്റയൊരുത്തനാ എന്നെ ഇത്രയും ദിവസം ചോറിഞ്ഞോണ്ടിരുന്നത്. നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടാ...

      അവൻറെ നമ്പറും അവളെ ഏല്പിച്ച് ഞാൻ നിമിഷങ്ങൾക്കുള്ളിൽ അവിടുന്ന് തടിയൂരി. റൂമിൽ ചെന്ന് സുമേഷിനെയും കൂട്ടി പുറത്തിറങ്ങി. പയ്യോളിയെ ഒന്ന് ചെറുതായെങ്കിലും പറ്റിക്കുന്നതെങ്ങനെയെന്ന് ഞാൻ ആലോചിച്ചു. സുമേഷിനെ പറഞ്ഞു വശത്താക്കി. തിരിച്ച് റൂമിൽ എത്തുമ്പോൾ മദ്യപിച്ച് ഫിറ്റ്‌ ആയതുപോലെ അഭിനയിച്ചു. ഞാൻ ആരോടും മിണ്ടാതെ ബെഡിലേക്ക് മറിഞ്ഞു. എനിക്ക് 'ഫയങ്കര'ഫീൽ ആയെന്നും, ആ വിഷമത്തിൽ ഒറ്റയ്ക്ക് ഒരു ഹാഫ് അകത്താക്കിയെന്നും അവൻ വിളമ്പി. ആദ്യമൊക്കെ പയ്യോളി അത് ചിരിച്ചു തള്ളിയെങ്കിലും, അവനും പതുക്കെ സീരിയസ് ആയി. അവൻറെ ചിരി മങ്ങി.

      എൻറെ  പ്രതികാരം അവിടെ തീർന്നു. പിറ്റേ ദിവസം എല്ലാവരും കൂടി ഈ കാര്യം പറഞ്ഞു ഒരുപാടു ചിരിച്ചു. ഞാൻ തന്നെ ഈ കാര്യം വല്യ സംഭവമാക്കി ബാക്കിയുള്ള എല്ലാവരെയും വിളിച്ച് അറിയിച്ചു. അപ്പോഴല്ലേ, മറ്റൊരു തുണിയുടുക്കാത്ത സത്യം പുറത്തു വന്നത്. ഇതു പോലെ പല വല്യ വല്യ കാമദേവൻമാരെയും ഇവൻ പറ്റിച്ചിട്ടുണ്ടത്രേ. അത് പോലെ ഒരു ഇര മാത്രമാണത്രേ ഞാൻ. പ്രേമവിപണിയിൽ തങ്ങളുടെ റേറ്റിങ്ങ് കുത്തനെ ഇടിയുമല്ലോ എന്ന് കരുതി ആ പാവങ്ങൾ അതൊന്നും പുറത്തു മിണ്ടിയിട്ടില്ല പോലും!

      മറ്റൊരു ദിവസം ഉച്ചയ്ക്ക് തലവേദനയെടുത്ത് ഉറങ്ങി കിടക്കുമ്പോൾ,  അവളുടെ വിളി വീണ്ടും വന്നു. ഇത്തവണ ഒരു പരാതി ആയിരുന്നു.
"പയ്യോളി ഫോണ്‍ എടുക്കുന്നില്ല..!"
ഞാൻ പെട്ടെന്ന് കൊടുങ്ങല്ലൂരമ്മയെ മനസ്സിൽ ധ്യാനിച്ചു.
'അമ്മേ.. ദേവീ..ശക്തി തരണേ...'
ഇവളോടുള്ള ദേഷ്യം, ഈ കഥ നാലു പേരെ കൂടുതൽ അറിയിക്കുന്നതിൽ ഞാൻ തീർത്തു. പക്ഷെ, അത് എനിക്ക് തന്നെ വിനയായി. 'വെളിക്കിരിക്കാൻ പോയിട്ട് വന്നുമില്ല, വിറകൊടിക്കാൻ വന്നോരു കാണുകയും ചെയ്തു' എന്ന് പറഞ്ഞത് പോലെ ആയി എൻറെ അവസ്ഥ!

      ഇപ്പോ, ഗൾഫിൽ നിന്ന് വരുന്നവർ കൊണ്ടുവരുന്ന ജോണി വാക്കറിൻറെ കൂടെ ഈ കഥ നല്ല 'ടച്ചിങ്ങ്സ്' ആയി മാറി. പടം എവിടെ ഓടിയാലും ഒരു കാര്യം ഉറപ്പാണ്‌. കഥയിൽ ഞാൻ ശശി. നമ്മുടെ ശശിയേട്ടൻറെ മോൻ, സുന്ദരനായ വില്ലനും. 'ശശി' എന്ന് പറഞ്ഞത് കഥ പ്രകാരം മാത്രമല്ല. ശരിക്കും അങ്ങനെയാകുന്നത്, ഈ കഥ കേൾക്കുന്നവർക്കൊക്കെ എന്നോട് അതിയായ സ്നേഹവും സഹതാപവും ജനിക്കുമ്പോഴാണ്‌. അത് പ്രകടിപ്പിക്കാൻ കിട്ടുന്ന അവസരം അവർ ഒരിക്കലും പാഴാക്കാതിരിക്കുമ്പോഴാണ്.
സംഭവത്തിൽ തുടക്കം മുതൽ ഒടുക്കം വരെ വേറെ കഥാപാത്രങ്ങൾ ഒന്നുമില്ലെങ്കിലും (ഇപ്പോൾ അവളെ കണ്ടാൽ എനിക്കും പാണ്ടിക്കും മാത്രേ തിരിച്ചറിയാൻ പോലുമാവൂ. അവളോട് ഞങ്ങൾ മാത്രമേ കുറച്ചെങ്കിലും സംസാരിച്ചിട്ടുള്ളൂ. തന്നെയല്ല, ഈ കഥയ്ക്ക്‌ അത്രയും പഴക്കവുമുണ്ട്.), എല്ലാവർക്കും എൻറെ വിവരണത്തിൽ നിന്നും എല്ലാം കേട്ടറിവ് മാത്രം ആണെങ്കിലും, ഇതിനെക്കുറിച്ച് ആധികാരികമായി, എനിക്കുപോലും അതിശയം തോന്നുന്ന മട്ടിൽ  നാടകീയമായി അവതരിപ്പിക്കുവാൻ കഴിവുള്ള വ്യക്തികൾ  എൻറെ സുഹൃദ് വലയത്തിൽ ഉണ്ടെന്നറിഞ്ഞതിൽ എനിക്കഭിമാനം തോന്നുന്നു. എല്ലാത്തിനും ദൃക്സാക്ഷികളായ വ്യക്തികളും ആ കൂട്ടത്തിൽ  ഉണ്ടെന്ന് എനിക്ക് വൈകിയാണെങ്കിലും വിശ്വസിക്കേണ്ടി വന്നു! ഈ വക കാര്യങ്ങളിൽ ഡോക്ടറേറ്റ് ഒക്കെ ഉണ്ടെങ്കിലും, ഇത് ഇപ്രകാരം പറഞ്ഞു പരത്തുന്നതിൽ പ്രത്യേക ശുഷ്കാന്തി കാണിച്ച ടി. ഫ്രാൻസിസിനെ (തീറ്റപ്പ്രാഞ്ചി) ഈ അവസരത്തിൽ അകമഴിഞ്ഞ കൃതജ്ഞതയോടെ സ്മരിച്ചുകൊള്ളുന്നു. വർഷങ്ങൾ ഇത്ര കഴിഞ്ഞെങ്കിലും, ഞാൻ എന്നും രാത്രിയിൽ അവളെയോർത്ത് ഉറങ്ങാതെ, മണിക്കൂറുകൾ ചിലവഴിക്കാറുണ്ടെന്ന് മനസ്സിൽ ഗണിച്ചറിഞ്ഞ്, എന്നോട് സഹതാപ വർഷം ചൊരിയുന്ന മഹാമനസ്കരോട് നന്ദിയുണ്ട്. സത്യം പറഞ്ഞാൽ, നിങ്ങളൊക്കെ ഈ സംഭവം എന്നെയിങ്ങനെ വീണ്ടും ഓർമ്മിപ്പിക്കുമ്പോഴാണ്‌, പയ്യോളി എന്ന തൊഴുത്തിൽ കുത്തിയെക്കുറിച്ചും, അവൻ എന്നോട് ചെയ്ത ക്രൂരതയുടെ കാഠിന്യത്തെക്കുറിച്ചും എനിക്ക് ബോധ്യമായത്.

അതുകൊണ്ട്,
"എടാ ഫഹദ് ഫാസിലേ...കള്ളക്കാമുകാ...
പെണ്‍പിള്ളേരെ വഴിതെറ്റിക്കാൻ നടക്കുന്ന കാമ ഭ്രാന്താ...
നീ ഒടുക്കത്തെ ഗ്ലാമറാടാ പന്നീ...
നീ വഞ്ചിച്ചവരെയൊക്കെ കൂട്ടി ഞാൻ ഗഗൻ നിവാസിൻറെ പടിക്കൽ സമരം ചെയ്യുമെടാ.. കിന്നാരത്തുമ്പികൾ രണ്ടാം ഭാഗം ഇറങ്ങുമ്പോൾ, നിനക്ക് ടിക്കറ്റ്‌ കിട്ടാതിരിക്കാൻ ഞാൻ പള്ളിയിൽ മെഴുകുതിരി കത്തിക്കുമെടാ...!"

(ഡോസ് കുറഞ്ഞു പോയോ? ഹും..എനിക്കും തോന്നി..എന്നാൽ, ഇതാ പിടിച്ചോ..)

"""എടാ... പ(ന്ന/ര)...യ്യോളി....
ഡാ പുല്ലേ...കഷണ്ടിത്തലയാ..(നിനക്ക് നോവും എന്നെനിക്കറിയാം. ക്ഷമിക്കുക. എൻറെ കൂട്ടുകാരുടെ വിഷമം എനിക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.)
നിന്നെയൊക്കെ M.G റോഡിൽ  കുനിച്ചു നിർത്തി, കൂമ്പിനിടിക്കുകയാണെടാ  വേണ്ടത്. നിന്നെ നേരിൽ കണ്ടാൽ കുത്തി മലർത്താൻ, ഞാൻ ഒരു പിച്ചാത്തി പണിയിക്കാൻ കൊടുത്തിട്ടുണ്ടെടാ..
നിന്നെ തലയും കുത്തി കെട്ടിത്തൂക്കിയിട്ട് അടിയിൽ ഞാൻ കരിയില കൂട്ടി കത്തിക്കുമെടാ..കത്തിച്ചു ചാരമാക്കുമെടാ.. എന്നിട്ട്, ആ ചാരത്തിൽ ഞാൻ പല്ല് തേക്കുമെടാ...! ഹല്ല പിന്നെ...!!!"""

ഹോ..!!! എന്തൊരാശ്വാസം.. ഇരട്ട പ്രസവിച്ച സുഖം..!!!


*courtesy: Three Mistakes of Life (Chetan Bhagat)