Monday 14 September 2015

പ്രകൃതിധർമ്മം


പകലും രാത്രിയും ഒരുമിക്കാൻ പോകുന്നെന്ന് എങ്ങനെയോ മണത്തറിഞ്ഞ സൂര്യൻ, ഒരു കുന്നിൻറെ പുറകിൽ പതിയിരുന്നു. പുലരിയിൽ, ആ സദാചാര ഗുണ്ട പുറത്തു വന്ന് കണ്ണുരുട്ടി. ഭയന്നു വിറച്ച രാത്രി, എങ്ങോ ഓടിയകന്നു..

കമിതാക്കൾ വീണ്ടും കണ്ടുമുട്ടാനൊരുങ്ങുന്നെന്ന വാർത്ത, ചന്ദ്രൻറെ  ചെവിയിലെത്തി.  അവൻ, മരങ്ങൾക്കിടയിൽ തക്കം പാർത്ത് ഒളിച്ചിരുന്നു. സന്ധ്യയിൽ, ആ കപട സംസ്കാരവാദി വെളിയിലിറങ്ങി പകലിനെ അടിച്ചോടിച്ചു..

സ്നേഹനിധിയായ ആകാശത്തിന്‌, ഇതൊക്കെ കണ്ട് കരച്ചിൽ വന്നു. കടലിനും മേഘത്തിനും വിപ്ലവരക്തം തിളച്ചു. കടൽ സൂര്യനേയും, മേഘം ചന്ദ്രനേയും വിഴുങ്ങി പ്രതികാരം ചെയ്തു..!

Tuesday 8 September 2015

പ്രണയത്തിൻറെ വിധി


ഹൃദയബന്ധങ്ങൾ അതിരുവിട്ടങ്ങനെ
നിനയാതെയിന്നൊരു പ്രണയം ജനിച്ചു..
ഇരുളിൻറെ മറവിൽ, വഴിപിഴച്ചുണ്ടായ
അശുഭമീ ജൻമത്തെയെന്തു ചെയ്യും?

ഇരുചെവിയറിയാതെ, പുലരി വരും മുൻപേ
മറവിയുടെ തീരത്തുപേക്ഷിച്ചാലോ?
തിര വിഴുങ്ങുന്നതും കാത്തു നിന്നെങ്കിലേ,
തിരികെയെത്തില്ലെന്നുറപ്പു കിട്ടൂ..

തരിക പൈതലേ, മാപ്പു നീ താതനെ-
ന്നലറുന്ന മൗനമായ് ചൊല്ലിതു ഞാൻ

അകലെയാഴത്തിൽ നിലയില്ലാതുഴലുമ്പോൾ,
മിഴികളിന്നൊരുതുള്ളി  നനയരുതേ..

കൊടിയ സന്താനദുഃഖം മുഴുവനും
പതിയെ നെടുവീർപ്പിലൊതുക്കിടേണം
ഇനിയൊരിക്കലും അരുതരുതെന്നോർത്ത്,
ശപഥവും ചെയ്ത് മടങ്ങിടേണം..

Friday 28 August 2015

കണ്ണീരോണം!


മകളുടെ ഓർമ്മകൾ ഇന്ന് ഓണമുണ്ണാൻ വരും..
കണ്ണീര് കൊണ്ടൊരു സദ്യയൊരുക്കി,
കാത്തിരിപ്പുണ്ടമ്മ..