Saturday 26 March 2011

നിങ്ങളെന്നെ എഞ്ചിനീയര്‍ (തീവ്രവാദി) ആക്കി..!

                         എഞ്ചീനീറിങ്ങും കഴിഞ്ഞ് ജോലിയും കൂലിയുമില്ലാതെ, അഭിമാനത്തോടെ, മാന്യനായി വീട്ടില്‍ നില്‍ക്കുന്ന കാലം. കോഴ്സ് കഴിയുന്നതിനു മുന്‍പ് തന്നെ പേരുകേട്ട കമ്പനികള്‍ എന്നെയും കൊത്തി പറക്കും എന്ന് കരുതിയിരുന്ന വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും എന്നെ കൊത്തി തിന്നാന്‍ തോന്നിത്തുടങ്ങി. ഹല്ല, അവരെയും പറഞ്ഞിട്ട് കാര്യമില്ല. പഠിത്തം കഴിഞ്ഞു, മാസം ഒന്നും രണ്ടുമല്ല.. നാലഞ്ചെണ്ണം കടന്നു പോയിട്ടും എനിക്കൊരു കുലുക്കവുമില്ല.
രാവിലെ കാപ്പിയും കുറ്റം പറച്ചിലും, ഉച്ചയ്ക്ക് ചോറും ചൊറിച്ചിലും, വൈകുന്നേരം ചായയും പരാതി-വടയും, പിന്നെ രാത്രി കഞ്ഞിയും കുത്തുവാക്കും.. ഇതൊക്കെ എനിക്ക് സമയാസമയം കൃത്യമായി മുന്നില്‍ വിളമ്പി കിട്ടാന്‍ തുടങ്ങി.
നാട്ടിലാണെങ്കില്‍ ഇറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥ. സാധാരണ കണ്ടാല്‍ മിണ്ടാത്തവരും, ഇതുവരെ കണ്ടിട്ടു പോലുമില്ലാത്തവരും അടുത്ത് വന്ന് ചോദ്യമായി..
"ജോലിയൊന്നുമായില്ലേ? ഇനി എന്താ പരിപാടി?"
ആദ്യമൊക്കെ 'റിസ്സെഷന്‍ ' എന്നും പറഞ്ഞ് ഞാന്‍ പിടിച്ചു നിന്നു.
കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ എന്റെ കഷ്ടകാലത്തിനു മാന്ദ്യവും മാറി.
പിന്നെ, "മാന്ദ്യമൊക്കെ മാറിയെന്ന് പത്രത്തില്‍ വന്നല്ലോ..എന്നിട്ടും ഒന്നുമായില്ലേ?" എന്നായി ചോദ്യം!
(ഈ മണ്ടന്മാര്‍ എന്നു മുതലാണാവോ പത്രം വായിക്കാന്‍ തുടങ്ങിയത്! ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ? വെറുതെ പത്രം വായിച്ചിരിക്കും.. ബാക്കിയുള്ളോന്റെ സമാധാനം കളയാന്‍..!)
ചിലരാണെങ്കില്‍ കല്ല്യാണം കഴിഞ്ഞ് രണ്ടു മൂന്നു മാസമാകുമ്പോഴേക്കും പെണ്ണിനോട് കുശലം ചോദിക്കുന്നത് പോലെ,
"വിശേഷം ഒന്നും ആയില്ലേ?" എന്നു വരെ ചോദിച്ചു കളയും!
ഇതുകൊണ്ടായിരിക്കും ദൈവം പുരുഷന്മാര്‍ക്ക് പ്രസവ വേദന വിധിക്കാതിരുന്നത്. എന്തായാലും ഈ വീര്‍പ്പുമുട്ടലിന്റെ ഏഴയലത്തു പോലും അതൊന്നും വരില്ല എന്ന് തോന്നുന്നു.
ദിവസവും കാണുന്ന ആളാണെങ്കിലും എന്നും ഇതേ ചോദിക്കാനുള്ളൂ. ആകാംക്ഷ കണ്ടാല്‍ തോന്നും എനിക്ക് ജോലി കിട്ടിയിട്ടു വേണം ഇയാള്‍ക്ക് ഇയാള്‍ടെ മോളെ എനിക്ക് കെട്ടിച്ച് തരാനെന്ന്.
"ഒന്നു പോടാ ഉവ്വെ! എന്നാ പിന്നെ ഇങ്ങളൊരു ജോലി ഇങ്ങ്ട് താ. ഞമ്മള് ശെയ്ത് തെരാം. എന്തേയ്?"
ഇങ്ങനെയൊക്കെ പറയണമെന്നുണ്ടെങ്കിലും എല്ലാം ഒരു വളിച്ച ചിരിയില്‍ ഒതുക്കി ഞാന്‍ വേഗം തടിതപ്പും.
ചില മൂരാച്ചികള്‍ നാലാള്ടെ മുന്നില്‍ വെച്ച് ഉറക്കെ..
"നമ്മടെ വടക്കേലെ ചന്ദ്രന്റെ മൂത്ത ചേട്ടന്റെ അമ്മായിഅപ്പന്റെ അനിയന്റെ....(അവന്റെ അമ്മായീടെ! ഹല്ല പിന്നെ!)... ഒരു മോനുണ്ടല്ലോ, അവനിപ്പോ എഞ്ചിനീറിങ്ങും കഴിഞ്ഞ് അമേരിക്കേലാ... ലക്ഷങ്ങളാ ശമ്പളം... നിനക്കിത് വരെ ഒന്നും ആയില്ല്യ..ല്ലേ...???"
എന്നിട്ട്, പതുക്കെ എന്റെ പുറത്ത് തട്ടി സമാധാനിപ്പിക്കും.. "എല്ലാം ശരിയാകുമെന്നേയ്..!"
( ഇവന്മാരൊക്കെ എന്താ വിചാരിച്ചിരിക്കുന്നത്? ജോലി കിട്ടാത്തത് എന്റെ കുറ്റമാണെന്നോ? അല്ലെങ്കില്‍ തന്നെ മനുഷ്യന്‍ ഇവിടെ ഭ്രാന്ത് പിടിച്ചിരിക്കുവാ.. ദൈവമേ, ഇവന്മാര്‍ക്കൊക്കെ മൂലക്കുരു പിടിച്ച് കോഴിക്കറി കൂട്ടാന്‍ പറ്റാതെയാകണേ..!)
ജീവിതം ഒരു 'സില്‍സില'യല്ലേ എന്ന് മഹാ കവി ഹരിശങ്കര്‍ പാടുന്നതിനും ഏറെ മുന്‍പേ ഞാന്‍ ചിന്തിച്ചിരുന്നു. സത്യം !

                       അങ്ങനെ സുഭിക്ഷമായി കഴിയുമ്പോഴാണ്, കൂട്ടുകാരില്‍ ഒരുത്തന്റെ മനസില്‍ ലഡ്ഡു പൊട്ടിയത്. ഒന്നു കൊച്ചിക്ക് പോയി ആഞ്ഞ് പരിശ്രമിച്ചാലോ..? ആഹ്..! അത് കൊള്ളാമല്ലൊ..! പിന്നെ താമസിച്ചില്ല. മൊത്തം എട്ടു പത്തു പേരുണ്ടായിരുന്നു. മലബാര്‍ എക്സ്പ്രസ്സിനു കേറി മലബാറും വിട്ട് വെളുപ്പിനെ മൂന്നേ മുക്കാലിന് കൊച്ചി എത്തി. അവിടുത്തെ എല്ലാ കൊതുകുകളും കടിച്ചെന്ന് ഉറപ്പാകുന്നത് വരെ റെയില്‍വേ സ്റ്റേഷനിലെ സിമെന്റ് ബെഞ്ചില്‍ മയങ്ങി. എണീറ്റപ്പൊ ആറര. പിന്നെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വണ്ടികളുടെ റ്റോയ് ലറ്റില്‍ കയറി പ്രാഥമിക കാര്യങ്ങള്‍.. എന്നിട്ടും ശങ്ക മാറിയില്ലെങ്കില്‍ ഏതെങ്കിലും ഹോട്ടലിലോ, ഹോസ്പിറ്റലിലോ നേരെ കേറി ചെന്ന് കാര്യം സാധിക്കും. കിട്ടാവുന്ന പത്രങ്ങള്‍ എല്ലാം വാങ്ങി ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലങ്ങളുടെ വിലാസം സംഘടിപ്പിക്കും. പിന്നെ കണ്‍സള്‍ട്ടന്‍സികളില്‍ പോയി ഒരാള്‍ മാത്രം രജിസ്റ്റര്‍ ചെയ്യും. എന്നിട്ട് പത്ത് പേരും അവര്‍ പറഞ്ഞ സ്ഥലത്ത് ഇന്റര്‍വ്യൂ'നു പോകും. അങ്ങനെ ആഴ്ച ഒന്ന് കടന്നു പോയി. ഒരു രക്ഷയുമില്ല. എല്ലായിടത്തും എക്സ്പീരിയന്‍സ് ചോദിക്കുന്നു. ആരെങ്കിലും എടുത്താലല്ലേ 'ഫ്രെഷര്‍ ' എന്ന ചീത്തപ്പേരു മാറി കിട്ടുകയുള്ളൂ. അവസാനം ഒരു കമ്പനിയില്‍ ചെന്നപ്പോള്‍, സഹികെട്ട് ചോദിക്കേണ്ടി വന്നു..

"നിങ്ങള്‍ എല്ലാവരും ഇങ്ങനെ തന്നെ പറയുകയാണെങ്കില്‍ പിന്നെ ഞങ്ങള്‍ ഫ്രഷെഴ്സ് എന്ത് ചെയ്യും?"
അതിനവരുടെ മറുപടി ഇങ്ങനെയായിരുന്നു..
"ഞങ്ങള്‍ ക്കറിയാം.. but, sorry to say that we are helpless.."
"നിന്നെയിവിടെ വേണ്ട...!" എന്ന് തുറന്നു പറയാനുള്ള മടി കാരണം എല്ലാ കമ്പനികളും അവസാനം ഉപയോഗിക്കുന്നത് ഒരേ ഒരു വാചകം..
"We will let you know.."
അങ്ങനെ കേട്ടാല്‍ മനസ്സിലാക്കിക്കൊള്ളുക.. ഈ ജന്മം അവര്‍ വിളിക്കൂല്ലാന്ന്..!
അവരെ പറഞ്ഞിട്ടും കാര്യമില്ല. എവിടെ നോക്കിയാലും എഞ്ചിനീയേഴ്സ്.. ഒരു കല്ലെടുത്ത് എറിഞ്ഞാല്‍ ഒന്നുകില്‍ ഒരു പട്ടിക്കിട്ടു കൊളളും. അല്ലെങ്കില്‍ ഒരു എഞ്ചിനീയര്‍ക്കിട്ട് കൊളളും.അതാണ്‌ ഇപ്പോഴത്തെ കൊച്ചിയിലെ അവസ്ഥ!

                          കീഴടങ്ങാന്‍ ഞങ്ങള്‍ തയ്യാറായിരുന്നില്ല. അടുത്ത ദിവസം പുതിയ തന്ത്രങ്ങല്‍ ആവിഷ്കരിച്ചു. അയ്യഞ്ചു പേരുള്ള രണ്ട് ഗ്രൂപ്പ് ആയി തിരിഞ്ഞു. പോയിട്ട് കാര്യമുണ്ടോന്ന് അറിഞ്ഞിട്ട് എല്ലാവരും പോയാല്‍ മതിയല്ലൊ. പിന്നെ നടക്കുന്ന വഴിക്ക് ഏത് കമ്പനി കണ്ടാലും അവിടെ കയറി നോക്കും. കോള്‍ സെന്ററുകളും കൂടി ട്രൈ ചെയ്തേക്കാം.. പക്ഷെ, ഒരു കുഴപ്പമുണ്ട്. അവിടെ ബി.ടെക് കാരെ എടുക്കില്ലത്രേ. എന്തു ചെയ്യും? അപ്പോളാണു മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടിയത്.. ബയോഡാറ്റയില്‍ ബി.ടെക് മാറ്റി പകരം വല്ല ബി.കോമോ ബി.എസ്.സിയോ ആക്കിയാല്‍ പോരേ.. An Idea can change your life! (change ചെയ്താല്‍ മതിയായിരുന്നു.) എന്നാല്‍ കൂട്ടത്തില്‍ സത്യസന്ധനായ കിണ്ണന്‍ മാത്രം ബി.ടെക് നീക്കം ചെയ്തതല്ലാതെ പകരം ഒരു ഡിഗ്രിയും വെച്ചില്ല.


                        കോള്‍ സെന്ററില്‍ ചെന്നപ്പോള്‍ ബി.ടെക് അല്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമെ അകത്തേക്ക് കടത്തി വിട്ടൊള്ളൂ. ആദ്യത്തേത് കിണ്ണന്റെ ഊഴമായിരുന്നു. ബയോഡാറ്റ അടിമുടിയൊന്നു വീക്ഷിച്ചിട്ട് ആ തരുണീമണി കിണ്ണനോട് ആരാഞ്ഞു..

"സത്യം പറ..നീ ബി.ടെക് അല്ലെ?"
"ബി.ടെകൊ? അതെന്താ അങ്ങനെ ചോദിച്ചത്? ഞാന്‍ പ്ലസ്റ്റൂ കഴിഞ്ഞ് പഠിത്തം നിര്‍ത്തിയല്ലോ.." (അവന്റെ മുഖത്ത്, മുലകുടി മാറാത്ത പിഞ്ചു കുഞ്ഞിനെ വെല്ലുന്ന നിഷ്കളങ്കത.)
"ങേ? ഇത്രയും നല്ല മാര്‍ക്കൊക്കെ വാങ്ങിയിട്ട് പിന്നെന്താ എവിടെയും പഠിക്കാന്‍ പോകാതിരുന്നത്?"
"അത്..അച്ഛനു സുഖമില്ലായിരുന്നു.. പിന്നെ വീട്ടില്‍ സഹായത്തിനു വേറെയാരും ഇല്ല." (പാവം!)
"പിന്നെ ഇത്രയും കാലം വീട്ടില്‍ തന്നെ ഇരുന്നോ?"
"ഒന്നു രണ്ടു കമ്പ്യൂട്ടര്‍ കോഴ്സ് ഒക്കെ ചെയ്തു. പിന്നെ ഒരു തുണിക്കടയില്‍ ജോലി നോക്കി."
"ഓഹോ.. ടെക്സ്റ്റൈല്‍ ഷോപ്പിലോ? എന്താ കടയുടെ പേര്?"
"ഓര്‍മ്മ ഫേബ്രിക്സ്...."
(അളിയാ, എന്തൊരു സ്പീഡിലാടാ നിന്റെ നാക്കിന്റെ തുമ്പത്തു നിന്ന് ഇങ്ങനെ സ്വതസിദ്ധമായ ശൈലിയില്‍ കളവുകള്‍ ഒഴുകി വരുന്നത്? സത്യം പറയുമ്പോള്‍ പോലും ഇവന്റെ മുഖത്ത് ഇത്രയും ആത്മവിശ്വാസം ഇതിനു മുന്‍പ് ഞാന്‍ കണ്ടിട്ടില്ല..! എന്റെ അഭിവാദ്യ
ങ്ങള്‍..) 
വീണ്ടും അവള്‍ റെസ്യൂമിലേക്ക് നൊക്കി. പിന്നെ എല്ലാം പെട്ടെന്നായിരുന്നു..
"ഈ മുകളില്‍ എഴുതിയിരിക്കുന്നത് നിങ്ങളുടെ വീട്ടിലെ നമ്പര്‍ അല്ലെ?" എന്നും ചോദിച്ചു കൊണ്ട് അവള്‍ നമ്പര്‍ ഡയല്‍ ചെയ്തു.
"ഹലോ.. ഇത് കിരണ്‍ മാത്യുവിന്റെ വീടല്ലേ?"
"അതെ, ഞാന്‍ കിരണിന്റെ അമ്മയാണ്."
"ഗുഡ് മോണിങ്ങ് മാഡം . ഇത് കൊച്ചിയിലെ ഒരു കമ്പനിയില്‍ നിന്നാണ്. ഒരു കണ്‍ഫര്‍മേഷനു വേണ്ടി വിളിച്ചതാ. കിരണ്‍ മാത്യു പ്ലസ് റ്റൂ കഴിഞ്ഞിട്ട് പിന്നെ എന്താണ് ചെയ്തത്?"
"അവനോ? അവന്‍ ബി.ടെക്. ഇലക്ട്രോണിക്സ് ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍.. ഫസ്റ്റ് ക്ളാസ്സും ഉണ്ട്." അമ്മയുടെ വാക്കുകളില്‍ അഭിമാനം തുളുമ്പി.
"അതെയൊ? ഓ.കെ.. താങ്ക് യൂ.."
 ..................

ഫോണ്‍ കട്ട് ചെയ്തിട്ട് അവര്‍ കിണ്ണനെ നോക്കി ഒരു പുച്ഛിരി (പുച്ഛം കലര്‍ന്ന പുഞ്ചിരി) ചിരിച്ചു. അവന്‍ അതേ പോലെ അങ്ങോട്ടും ഒരു ചിരി പാസ്സാക്കി. ഹല്ലാതെ എന്ത് ചെയ്യാന്‍ ! അവിടെ നിന്ന് ഒരു വിധത്തില്‍ തടിതപ്പിയെന്ന് പറഞ്ഞാല്‍ മതിയല്ലൊ. ഒരു സമാധാനം ഉണ്ട്. അവര്‍ മാത്രം 'വിളിക്കാം' അല്ലെങ്കില്‍ 'അറിയിക്കാം' എന്നു പറഞ്ഞില്ല.

                       ഉള്ളിലെ വാശിയും കീശയിലെ കാശും തീര്‍ന്നപ്പൊ, പത്താം ദിവസം തിരിച്ച് വണ്ടി കയറാന്‍ തീരുമാനിച്ചു. വൈകിട്ട് മറൈന്‍ ഡ്രൈവില്‍ പോയി കടലമ്മയോട് വിഷമം പങ്കുവെച്ചു. അവിടുത്തെ സുന്ദരിമാരോട് യാത്ര പറഞ്ഞു. നേരം ഇരുട്ടാനായപ്പോള്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തി.


                       'എറണാകുളം ജങ്ക്ഷന്‍ ' എന്നുള്ള ബോര്‍ഡ് കണ്ടപ്പോഴേക്കും തടിയന്‍ മൊഴിഞ്ഞു.. "ഡാ, ഈ ബോര്‍ഡ് കുറേ പടത്തിലൊക്കെ കാണിച്ചിട്ടുള്ളതാ. ഇപ്പോഴാണു ഇത് നേരിട്ട് കാണാന്‍ പറ്റിയത്." ഈ ഒരൊറ്റ വാചകമാണു എല്ലാം കുളമാക്കിയത്. അതു കേട്ടപ്പോ അതിന്റെ ഒരു ഫോട്ടോ എടുക്കണമെന്നായി എന്റെ പൂതി. ബോര്‍ഡിന്റെ സൌന്ദര്യം ആസ്വദിക്കുന്നതിനിടയില്‍ ബാക്കിയുള്ളവന്മാരൊക്കെ സ്റ്റേഷന്റെ അകത്തു കടന്നതൊന്നും ഞങ്ങളറിഞ്ഞില്ല. ഞാന്‍ എന്റെ നോക്കിയ VGA ക്യാമറയെടുത്ത് ഉന്നം പിടിച്ചു. ഇരുട്ടത്ത് അതില്‍ എന്ത് കാണാന്‍! ..

ഞാന്‍ വിട്ടു കൊടുക്കുമോ? ഉടനെ തടിയനെ അവന്റെ N73യില്‍ ഫോട്ടോ എടുക്കാന്‍ ഏല്പിച്ചു.
"അയ്യോടാ.. ഒന്നെങ്കി മലയാളം, അല്ലെങ്കില്‍ ഇംഗ്ളീഷ്, രണ്ടൂടെ കിട്ടൂല്ല."
"കുറച്ച് പുറകോട്ട് നിക്കെടാ മണകുണാഞ്ചാ.." ഞാന്‍ വല്ല്ല്യ ബുദ്ധിമാന്‍ ചമഞ്ഞു.
"ആഹ്.. ഇപ്പൊ ശരിയായി.." തടിയന്റെ മുഖത്ത് സന്തോഷം.
"നോക്കട്ടെ.." ഞാന്‍ അടുത്തേക്ക് ചെന്നു.

ഈ സര്‍ക്കസ് മുഴുവന്‍ കളിക്കുന്നത് സ്റ്റേഷന്റെ പുറത്തുള്ള പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നില്‍ വെച്ചായിരുന്നു. ഫോട്ടോയുടെ ക്ലാരിറ്റി നോക്കി പുറകോട്ടു നടന്ന്‍ തട്ടി നിന്നത്,തുലാം മാസത്തിലെ മഴയിൽ പൊട്ടിമുളച്ച കൂണ് പോലെയുള്ള അവരുടെ ആ കുഞ്ഞു മാടത്തിൽ ആയിരുന്നു.


പിന്നെ പറയാനുണ്ടോ.. മാടത്തിലെ ഒരു ചെറിയ ദ്വാരത്തിലൂടെ ഒരു കൊമ്പന്‍ മീശ അതാ ഞങ്ങളെ ഒച്ചയിട്ട് വിളിക്കുന്നു.
"ഡാ ഡാ ഡാ ഇവിടെ വാടാ.. ഇങ്ങോട്ട് വാടാ.. ഇപ്പം ശരിയാക്കിത്തരാമെടാ.."
"കുടുങ്ങിയളിയാ, കുടുങ്ങി.." ഞാന്‍ മന്ത്രിച്ചു.
കഷ്ടിച്ച് രണ്ടാള്‍ക്ക് ഇരിക്കാന്‍ മാത്രം സ്ഥലമുള്ള മാടത്തിലേക്ക് ഞങ്ങളെ വലിച്ചു കേറ്റി. അതില്‍ കൊമ്പന്‍മീശയെ കൂടാതെ ഒരു കഷണ്ടിയും ഉണ്ടായിരുന്നു. കഷണ്ടി ആദ്യം തന്നെ മൊബൈല്‍ പിടിച്ചു വാങ്ങി. ഫോട്ടോ ഡിലീറ്റ് ചെയ്തു. ഇരകളെ കിട്ടിയ സന്തോഷത്തില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചു..
"എന്തായിരുന്നെടാ അവിടെ..? എന്തിനാടാ ഫോട്ടോയെടുത്തത്..?? എവിടുന്ന്‍ വരുന്നെടാ നീയൊക്കെ..???"
 

ചോദ്യം ചെയ്യല്‍ എന്ന് പറഞ്ഞാല്‍ ചോദ്യങ്ങള്‍ മാത്രം. ഉത്തരം പറയാനൊന്നും സമയം തരില്ല. അതിനു മുന്‍പേ അടുത്ത ചോദ്യം വരും. രണ്ട് ചോദ്യങ്ങളുടെ ഇടയില്‍ അയാള്‍ ശ്വാസം വിടാന്‍ ചെറിയ സമയമെടുക്കും. അതിനുള്ളില്‍ ഉത്തരം പറഞ്ഞോളണം. അല്ലെങ്കില്‍ കൂടുതല്‍ 'മയ'മുള്ള അടുത്ത ചോദ്യം വരും.
"എന്താടാ, ചോദിച്ചതു കേട്ടില്ലേ.... @*#)!$#%&* മോനെ ..??? "
 

ശരിക്കും ഞങ്ങള്‍ പെട്ടുപോയി. എനിക്ക് എന്തോ, അപ്പോള്‍ പേടിയൊന്നും തോന്നിയില്ല. പക്ഷെ, തടിയന്‍ നിന്ന് വിറയ്ക്കുന്നുണ്ടായിരുന്നു. കഷണ്ടിയും കൊമ്പന്‍ മീശയും കൂടെ ചോദ്യങ്ങള്‍ വാരി എറിയുകയാണ്. ഏതു ചോദ്യത്തിന് ഉത്തരം പറയണം എന്ന് കണ്‍ഫ്യൂഷന്‍ ആയിപ്പോകും. എന്നോട് ചോദിച്ചതിനെല്ലാം ഞാന്‍ ഒരു വിധത്തില്‍ ഉത്തരം പറഞ്ഞു..
"നീയൊക്കെ എവിടുന്നാടാ വരുന്നത് ?"
"കണ്ണൂര്‍ "
"ങേ? കണ്ണൂരോ? നിന്നെയൊക്കെ കണ്ടപ്പോഴേ തോന്നി.."
"എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത് ?"
"ഇന്റര്‍വ്യൂ'ന് വന്നതാണു സര്‍.."
"എന്ത് ഇന്റര്‍വ്യൂ? എന്താടാ നീയൊക്കെ പഠിച്ചത്?"
"എഞ്ചിനീയറിംഗ് .."
"ഓഹോ.. എഞ്ചിനീയേഴ്സ് ആണല്ലേ.. ഇപ്പോ തീവ്രവാദികളില്‍ കൂടുതലും എഞ്ചിനീയര്‍മാരാണല്ലോ.."
"സര്‍ട്ടിഫിക്കറ്റ് കാണട്ടെടാ.." ഞാന്‍ പെട്ടെന്ന് ബയോഡാറ്റ എടുത്തു കാണിച്ചു.
"ആഹാ.. ഇലക്ട്രോണിക്സ്‌ ആയിരുന്നോ? അപ്പോ ബോംബുണ്ടാക്കാന്‍ നേരത്തെ പഠിച്ചിട്ടുണ്ടാവൂല്ലോ.. ഈ ബാഗിലൊക്കെ ബോംബാണോടാ? തൊറക്കെടാ ബാഗ്‌.. "
ഞാന്‍ പതിയെ ബാഗ് തുറന്നു.
ഇതിനിടയില്‍ തടിയന്‍ സര്‍ട്ടിഫിക്കറ്റ് എടുത്തത് അവര്‍ ശ്രദ്ധിച്ചില്ല. ഇനി ചോദിക്കുകയില്ലായിരിക്കും എന്ന് വിചാരിച്ച് അവന്‍ അത് തിരിച്ചു ബാഗിലേക്ക് ഇട്ടു.
പൊടുന്നനെയുള്ള കൊമ്പന്‍ മീശയുടെ അലര്‍ച്ച കേട്ട് ഞാനും നടുങ്ങിപ്പോയി..
"നിന്നോടിനി പ്രത്യേകിച്ച് പറയണോടാ ? ..#&*^%amp;&^%$#$@#$ മോനെ...!!!"
തൊറക്കെടാ ബാഗ്‌.. എടുക്കെടാ നിന്റെ ബുക്കും പേപ്പറും ഒക്കെ.."
എന്റെ ബാഗ്‌ ഒന്ന് പൊളിച്ചു നോക്കിയിട്ട് അവര്‍ തിരിച്ചു തന്നു. വീട്ടില്‍ കൊണ്ട് പോകാന്‍ വാങ്ങിയ കൂവപ്പൊടി കാണാത്തത് ഭാഗ്യം.. അല്ലെങ്കില്‍ അത് മയക്കു മരുന്നായേനെ..!
പിന്നെ തടിയന്‍ മാത്രമായി അവരുടെ ലക്ഷ്യം.
"സത്യം പറയെടാ, ഇവിടെ എവിടെയാടാ ബോംബ്‌ വെച്ചിട്ടുള്ളത്‌ ?"
"ഇവിടെ എവിടെയും വെച്ചിട്ടില്ല സര്‍.."
"പിന്നെ വേറെയെവിടെയാടാ വെച്ചിട്ടുള്ളത്‌ "
"വേറെ എവിടെയും വെച്ചിട്ടില്ല സര്‍ "
"എന്താടാ നിന്റെ അച്ഛന് പണി?"
"ടീച്ചറാ.."
"എവിടെയാടാ അച്ഛന്‍ വര്‍ക്ക് ചെയ്യുന്നേ ?"
"വീട്ടിന്റട്ത്ത്ള്ള ഒരു സ്കൂളിലാ.. "
"സ്കൂളിനു പേരില്ലേടാ..?" (ചോദ്യത്തിന് സ്പീഡും ഒച്ചയും കൂടി )
"രാമവിലാസം യു.പി. സ്കൂള്‍.. " (മറുപടി അതിനേക്കാള്‍ സ്പീഡില്‍ ആയിരുന്നു)
"എന്താടാ നിന്റെ അമ്മയ്ക്ക് ജോലി?"
"അമ്മേം ടീച്ചറാ.."
"അമ്മയെവിടെയാടാ പണിയെടുക്കുന്നേ?"
"നാട്ടിലുള്ള ഒരു സ്കൂളില്.."
"........!@#@@#$@#%$^amp;^*.....മോനെ.. നിന്നെ കണ്ടാലേ ഒരു കള്ള ലക്ഷണം ഉണ്ടല്ലോടാ.. സത്യം പറയെടാ.. നീ തീവ്രവാദിയല്ലേടാ? നീ ആഷിം ഹാലിയുടെ ആരാടാ..???"
"...ഹ് ..ഹ് ..ഹങ്ങനെയൊന്നും പറയരുത് സര്‍ര്‍ര്‍...."
(തടിയന്‍ വിതുമ്പി. അവന്‍ വിയര്‍ത്ത്‌ കുളിച്ചിരുന്നു. മൂപ്പര് സീരിയസ് ആയി കരയുകയാണെന്ന് എനിക്ക് മനസിലായി. പക്ഷെ, എന്ത് ചെയ്യാനാ.. അവന്റെ മോന്ത കണ്ടാല്‍ ഒരു മാതിരി സുരാജ് വെഞ്ഞാറമ്മൂടിന്റെ കള്ളക്കരച്ചില്‍ പോലെയുണ്ട്.. ആരു കണ്ടാലും അവരെ പരിഹസിക്കുകയാണെന്നേ തോന്നൂ. എനിക്ക് ചിരിയടക്കാന്‍ പറ്റുന്നില്ല. ഒരു വിധത്തില്‍ ഞാന്‍ പിടിച്ചു നിന്നു.)
അവന്റെ ബാഗ്‌ വലിച്ചു തുറന്ന് അയാള്‍ അകത്തുണ്ടായിരുന്ന തുണി മുഴുവന്‍ വലിച്ചു പുറത്തിട്ടു..

ഒറ്റ നിമിഷം..!
മീന്‍ ചന്തയെ വെല്ലുന്ന ഒരു ദുര്‍ഗന്ധം മാടത്തിലാകെ പരന്നു.. എട്ടു പത്തു ദിവസമായിട്ട് വെള്ളം കാണാത്ത അണ്ടര്‍വെയെഴ്സ് ഒക്കെയല്ലേ.. എങ്ങനെ നാറാതിരിക്കും? കഷണ്ടി മൂക്ക് പൊത്തി. അയാളുടെ കണ്ണുകള്‍ പുറകോട്ടു മറിഞ്ഞു. കൊമ്പന്‍ മീശയുടെ കൂര്‍ത്ത കൊമ്പ് പതിയെ ചേമ്പില പോലെ വാടി താഴേക്ക് വളഞ്ഞു.. ഞങ്ങള്‍ മാത്രം ഒന്നുമറിയാത്തത് പോലെ പരസ്പരം നോക്കി.
"ഇതെന്താടാ കണ്ണൂര്‍ ഒണക്കമീന്‍ ഒന്നും കിട്ടൂല്ലേടാ? ഇവിടെ നിന്ന് വാങ്ങിക്കൊണ്ട് പോകേണ്ട ആവശ്യമുണ്ടോ?"
അതിന്റെ മറുപടി ഒരു വളിച്ച ചിരി ആയിരുന്നു.
കൊമ്പന്‍ മീശ വീണ്ടും പഴയ സ്ഥിതി കൈവരിച്ചു. കഷണ്ടി പിന്നെയും ഉഷാറായി.
"നിങ്ങളെ എസ്.ബി.ക്ക് കൈമാറണോഡാ ?"
"വേണ്ട സര്‍"
"എസ്.ബി എന്ന് വെച്ചാല്‍ എന്താണെന്ന്‍ അറിയാമോടാ?
"ഇല്ല സര്‍"
"പിന്നെ എന്ത് വിചാരിച്ചാടാ വേണ്ടാന്നു പറഞ്ഞത് ? ഹും.. എസ്.ബി എന്ന് വെച്ചാല്‍ സ്പെഷ്യല്‍ ബ്രാഞ്ച്..! ഇതു പോലെയുള്ള തീവ്രവാദികളെ കൈകാര്യം ചെയ്യാന്‍ പ്രത്യേകം കോച്ചിംഗ് കിട്ടിയിട്ടുള്ള പോലീസ് കാരാ.."
"അയ്യോ..! വേണ്ട സര്‍.. ഇനി ഞങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും ഫോട്ടോയെടുക്കൂല്ല.."
"പോലീസ് കാര്‍ക്കിട്ട് ഒണ്ടാക്കല്ലേ.. *%@>&$....മക്കളേ... ഇങ്ങോട്ട് മാറി നില്‍ക്കെടാ.."
എങ്ങോട്ട് മാറാന്‍! അവിടെയാണെങ്കില്‍ നിന്ന് തിരിയാനുള്ള സ്ഥലമില്ല!
"വേറെയെന്തൊക്കെയാടാ ഇതിലുള്ളത് ?"
ശ്രദ്ധ വീണ്ടും ഫോണിലേക്ക് ആയി. തടിയന്റെ കരച്ചിലിന്റെ ശബ്ദം പുറത്തേക്കു വരാന്‍ തുടങ്ങി. കഷണ്ടി ഫോണില്‍ എന്തൊക്കെയോ ഞെക്കി നോക്കിയിട്ട് വീണ്ടും ഞങ്ങളെ നോക്കി.
"എന്താടാ നീ നിന്ന് മോങ്ങുന്നത്? നിന്റെ ആരെങ്കിലും ചത്തോടാ? പൊത്തെടാ നിന്റെ വായ..!"
തടിയന്‍ രണ്ടു കൈ കൊണ്ടും വാ പൊത്തി പിടിച്ചു. ഞാനും വാപൊത്തി. പക്ഷെ ചിരി വന്നിട്ടാണെന്നു മാത്രം. (ഓഹ്..! ഇതൊന്നു പറഞ്ഞ് ചിരിക്കാന്‍ ഇവിടെ വേറെയാരും ഇല്ലല്ലോ ഭഗവാനെ..അവന്മാരൊക്കെ എവിടെപ്പോയോ ആവോ?)
 പിന്നെയും എന്തൊക്കെയാണ് ചോദിച്ചതെന്ന് എനിക്ക് ഓര്‍മ്മയില്ല. പക്ഷെ, നാല് വര്‍ഷം എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിന്റെ ജീവിതത്തിനിടയില്‍ പോലും ഞാന്‍ കേട്ടിട്ടില്ലാത്ത കുറെ പുതിയ വാക്കുകള്‍ കേട്ടു. അങ്ങനെ ഞങ്ങളെ ഏതാണ്ട് ഒന്നരമണിക്കൂര്‍ അതിനുള്ളില്‍ നിര്‍ത്തിപ്പൊരിച്ചു. അവസാനം ചോദ്യം ചെയ്ത് അവര്‍ക്ക് തന്നെ ബോറടിക്കാന്‍ തുടങ്ങി..
"ഇനി മേലാല്‍ ഇമ്മാതിരി പണി ഒപ്പിച്ചേക്കരുത്.. പറഞ്ഞത് മനസിലായോടാ ?"
"മനസിലായി സര്‍.."
"എന്നാല്‍ തിരിഞ്ഞു നോക്കാതെ ഈ ഒണക്ക മീനും എടുത്ത് നേരെ വടക്കോട്ട്‌ പിടിച്ചോ.."
 

അത് കേള്‍ക്കേണ്ട താമസം, തടിയന്‍ ബാഗുമെടുത്ത് മുന്‍പില്‍ നടന്നു.
വണ്ടി വരാന്‍ പിന്നെയും കുറെ സമയം ബാക്കിയുണ്ടായിരുന്നെങ്കിലും അവിടെ നിന്ന് വിട്ടയുടനെ ഞങ്ങള്‍ വേഗം സ്റ്റേഷന്റെ അകത്തു കടന്നു. നടന്നതെല്ലാം പറഞ്ഞ് തടിയനെ ഞാന്‍ കളിയാക്കി ചിരിച്ചു. അപ്പോള്‍ അവന്‍ എന്നോട് സീരിയസ് ആയി സംസാരിക്കാന്‍ തുടങ്ങി...
"ഡാ...എസ്.ബി.ക്ക് കൈമാറിയാല്‍ പിന്നെ ചോദ്യവും പറച്ചിലും ഒന്നുമുണ്ടാവില്ല. ഇടി മാത്രം.. രണ്ടാം ലോക മഹായുദ്ധം മുതല്‍ക്ക് ലോകത്ത് ഉണ്ടായിട്ടുള്ള തെളിയാതെ കിടക്കുന്ന കേസുകളൊക്കെ നമ്മടെ തലേല്‍ കെട്ടി വെച്ച് തരും. അവസാനം നീ തന്നെ, ചോദിച്ചാല്‍ ഇങ്ങനെ പറയും.........."
"രാജീവ്‌ ഗാന്ധിയെ കൊന്നതാരാടാ..?"
"ഞാന്‍ ആണ് സര്‍."
"ബിന്‍ലാദന്‍ നിന്റെ ആരാടാ..?"
"അമ്മാവനാണ് സര്‍."
"ഇപ്പൊ എന്തിനാടാ നീ ഫോട്ടോ എടുത്തത് ?"
"കേരളം മുഴുവന്‍ തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് പ്ലാന്‍ ഉണ്ടായിരുന്നു സര്‍.. അതിന്റെ ഭാഗമായിട്ടാണ് .."
..........
 

ഞാന്‍ ചെറുതായി ഒന്ന് ഞെട്ടി! ഇപ്പോ എഞ്ചിനീയര്‍മാരൊക്കെ തീവ്രവാദികളായി മാറിക്കൊണ്ടിരിക്കുകയാണു പോലും.. (എങ്ങനെ മാറാതിരിക്കും? എന്തെങ്കിലും പണി വേണ്ടേ?).
പിന്നെ കൊച്ചിയില്‍ മുഴുവന്‍ ബോംബ്‌ വെച്ച ആഷിം ഹാലി കണ്ണൂര്‍കാരനായിരുന്നല്ലോ. പോരാത്തതിനു ഇവന്റെ മൊബൈലില്‍ 'അതും ഇതും' ഒക്കെ ഉണ്ടായിരുന്നത്രേ..!
ടി.വി.യിലും പത്രത്തിലും ഒക്കെ വരുന്ന വാര്‍ത്തയെക്കുറിച്ച് ഞാന്‍ ആലോചിച്ചു നോക്കി..
"അന്താരാഷ്‌ട്ര തീവ്രവാദി സംഘത്തിലെ പ്രധാന കണ്ണികളായ രണ്ട് എഞ്ചിനീറിംഗ് വിദ്യാര്‍ഥികള്‍ പിടിയിലായി.. അനാശാസ്യവും പെണ്‍വാണിഭവും മയക്കുമരുന്ന് കടത്തും നടക്കുന്നു എന്നതിന് തെളിവുകള്‍ കിട്ടി. ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.. കൂടുതല്‍ രഹസ്യങ്ങള്‍ ഇവരെ കോടതിയില്‍ ഹജരാക്കുന്നതോടെ വെളിപ്പെടും..!"
മുഖം പുറത്തു കാണിക്കാന്‍ പോലും പറ്റാതെ കറുത്ത തുണികൊണ്ട് മൂടി (അത് പോലെ ഇടി കൊണ്ട് ചളുങ്ങിയിട്ടുണ്ടാകും.. കണ്ടാല്‍ തിരിച്ചറിയുക പോലുമില്ലായിരിക്കും!), ആയുധധാരികളായ അഞ്ചാറു സ്പെഷ്യല്‍ പോലീസിന്റെ അകമ്പടിയോടെ, ചുറ്റും കൂടിയ ടി.വി.ക്കാരുടേയും, പത്രക്കാരുടേയും, രോഷാകുലരായ ജനങ്ങളുടെയും ഇടയിലൂടെ ഞാനും തടിയനും ഊളിയിടുന്നത് ഞാന്‍ ഭാവനയില്‍ കണ്ടു.. ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു നിന്നു പോയി.. ഹൃദയമിടിപ്പിന്റെ വേഗത എന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ല.. കാലുകള്‍ വിറയ്ക്കുന്നുണ്ടോ? എന്റെ മുഖത്തെ ചിരി മാഞ്ഞു. നെറ്റിയില്‍ വിയര്‍പ്പ് പൊടിഞ്ഞു. എന്റെ ഇത്രയും കാലത്തെ ആകെ സമ്പാദ്യം കുറച്ച് അഭിമാനം മാത്രമാണ്. ഇപ്പോള്‍ അതും കൂടി നഷ്ടപ്പെടാന്‍ പോകുന്നു.. എല്ലാം കഴിഞ്ഞിട്ട് നിരപരാധികളാണ് എന്ന് തെളിഞ്ഞിട്ട് എന്ത് കാര്യം!

ഹെന്റീശ്വരാ..!

ചുമ്മാതല്ല തടിയന്‍ കരഞ്ഞു നിലവിളിച്ചത്.. അതൊന്നും ചിന്തിക്കാനുള്ള ബോധം എനിക്കുണ്ടായിരുന്നില്ലല്ലോ.. ഹല്ല, അതൊരു കണക്കിന് നന്നായി. നേരെ ചൊവ്വേ ഉത്തരം പറയാന്‍ പറ്റിയല്ലോ. ഇല്ലെങ്കില്‍ ഞാനും കൂടെ ഇവനെ പോലെ അവിടെ കിടന്നു മിമിക്രി കാണിച്ചിരുന്നെങ്കില്‍ ഇപ്പൊ പറഞ്ഞത് പോലെയൊക്കെ നടന്നേനെ..!

                      സ്റ്റേഷന്റെ അകത്തു കടന്ന് എല്ലാവരെയും കണ്ടെങ്കിലും ഉണ്ടായ തമാശയൊന്നും പറയാന്‍ എനിക്ക് തോന്നിയില്ല. തടിയന്‍ മന:പൂര്‍വ്വം എന്നില്‍ ഉണ്ടാക്കിയ നടുക്കത്തില്‍ നിന്നും ഞാന്‍ പൂര്‍ണമായി വിമുക്തനായിരുന്നില്ല എന്നതാണ് സത്യം. ഇനിയുമൊരു നാണക്കേടില്‍ നിന്നും രക്ഷപ്പെടാനുള്ള അവന്റെ കുടില തന്ത്രം ആയിരുന്നെങ്കിലും.. ഞാനും പേടിച്ചു പോയി..!


                         ഏതായാലും ഒരു കൊച്ചി യാത്ര കൊണ്ട് എഞ്ചിനീയര്‍ മാരുടെ വിലയില്ലായ്മ മനസിലായി; ഒരു ഫോട്ടോയുടെ വിലയും..! അതില്‍ പിന്നെ, ജീവിതത്തില്‍.. ഫോട്ടോ എടുക്കണം എന്ന് തോന്നുമ്പോള്‍ ഞാന്‍ ഒന്ന് ചുറ്റും നോക്കും.. വെറുതെ.. ഏതെങ്കിലും കാക്കിയുടുപ്പുകാര് എങ്ങാനും പരിസരത്തെവിടെയെങ്കിലും ഉണ്ടോന്ന്... എനിക്ക് അവന്മാരെ കണ്ടാല്‍ അത്രയ്ക്ക് കലിപ്പാണെന്നേയ്... വൃത്തികെട്ട വര്‍ഗ്ഗം...! വെറുത്തു പോയി..! അല്ലാതെ പേടിച്ചിട്ടൊന്നുമല്ല കേട്ടോ.. ഹും...!

24 comments:

  1. Nannayittund. Bt ini malayalattil post cheyyumbol font size kurach koottanam. Ok...

    ReplyDelete
  2. @Pradeep:
    paranjathu pole cheythittund..thanks for your valuable suggestions..iniyum nirdeshangalum abhiprayangalum ariyikkuka..

    ReplyDelete
  3. machuuuuuuuuu superb....
    nee ezhuthu nirtharutu...
    satyam..
    itrayum naal nee idu evide olichu vachu??

    ReplyDelete
  4. @Albin:
    നന്ദിയുണ്ട് മച്ചൂ..
    ഒളിപ്പിച്ചു വെച്ചതല്ല മോനേ..
    എന്റെ വങ്കന്‍ ചിന്തകളും മണ്ടത്തരങ്ങളും ഒക്കെ ഈ ബ്ലോഗിന്റെ ചുവരിലേയ്ക്ക് പകര്‍ത്താന്‍ തോന്നിയത്, ജീവിതം എന്ന 'SILSILA' യിലെ വെറുമൊരു നിമിത്തം മാത്രം..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. +10000 for "ഇതെന്താടാ കണ്ണൂര്‍ ഒണക്കമീന്‍ ഒന്നും കിട്ടൂല്ലേടാ? ഇവിടെ നിന്ന് വാങ്ങിക്കൊണ്ട് പോകേണ്ട ആവശ്യമുണ്ടോ?"
    :):)
    aa 'ernakulam junctionte' photo koode add cheyyappa...:)

    ReplyDelete
  7. VG... nannayittund ketto...

    ReplyDelete
  8. Da superb... sathyam paranjal ni enniley kurey ormakaley urakky... eniyum ezhuthanam...da aduthathu Dharavy le katha thanney aayikottey :)

    ReplyDelete
  9. VGkkuttaa...kalakkiyittund...nalla narmmabodham...chiriyunarthunna varikal....
    ...............kalakkiyittund...

    ReplyDelete
  10. da vg kidilan , nammal engineersinte vedanakalum nombarangalum puram lokam ariyatte.........
    continue blogging......

    ReplyDelete
  11. Appooppaaaaaaa,Kidilam akkiyittund.

    ReplyDelete
  12. @Jyothis:
    'Eranakulam Junction'ന്റെ ഫോട്ടോ ആ കഷണ്ടി അപ്പൊ തന്നെ ഡിലീറ്റ് ചെയ്തു കളഞ്ഞില്ലേ ചേട്ടാ.
    ആഹ്..ഒരു കാര്യം ചെയ്യാം.എന്റെ അമ്മാവന്‍ ഉണ്ടല്ലോ, ബിന്‍ ലാദന്‍..അങ്ങേരോട് ചോദിച്ചു നോക്കട്ടെ.

    @vinod, kiran & kv:
    Thanksss..

    @Dintz:
    നാട്ടില്‍ നിന്ന് കൊണ്ട് അവിടുത്തെ കഥ എഴുതിയാല്‍ എന്റെ എല്ലൊടിയില്ലേ.. അത് പോലെ മുംബൈ വിട്ടാലേ മന:സമാധാനത്തോടെ ഇവിടുത്തെ കഥയും എഴുതാന്‍ പറ്റൂ..!

    @sam:
    ഇതേ വിഷയത്തില്‍ ഒരു പുസ്തകം തന്നെ ഇറക്കാനുള്ള വകയുണ്ട് മോനെ. അത്രയ്ക്ക് ദയനീയമാണ് നമ്മുടെ അവസ്ഥ..!

    ReplyDelete
  13. very nice yaar!!!!
    keep up the good work!:)

    ReplyDelete
  14. വി ജീ സാറേ..
    അവസ്ഥകള്‍ ഇപ്പൊ അതിലും ഭീകരമാണ്.
    വാര്‍ക്ക പണിക്കു പോലും നമ്മളെ വേണ്ട..:(

    എഴുത്ത് അടിപൊളി.

    ReplyDelete
  15. aliya....englishil ayal entha...!!!!

    ReplyDelete
  16. @jassie:
    Thanks..

    @anoop:
    Thanks..
    vaarkkapani nadakkumpo kannu thattathirikkan vendi oru paripadiyund.. aa postilekk try cheyth nokkanam..

    @reghu:
    englishil aayalum malayaalathil aayalum avasatha dayaneeyam aanu mone..

    ReplyDelete
  17. nalla narmma bhodham....................
    valareyadikam nannakunnu
    abhinadhanagal.........
    raihan7.blogspot.com

    ReplyDelete
  18. @dilsha:
    nandi..
    kuttiyude blog vaychu. nannaayittund. keep writing..

    ReplyDelete
  19. Kidu!!!! Keep on writing.. :)

    ReplyDelete
  20. വി ജി നന്നായിട്ടുണ്ട് എനിയും എഴുതുക...........

    ReplyDelete
  21. Vg naanaaitnd......nicely written...njan serikkum manasil kandu..

    ReplyDelete
  22. @er & Shilpa:
    Thanksss for the support...

    ReplyDelete