Sunday 20 March 2011

കുരുക്ഷേത്രം




കിരീടവും ചെങ്കോലും നഷ്ടമായപ്പോഴാണ് ജീവിതം ഒരു യുദ്ധമാണ് എന്ന് തിരിച്ചറിഞ്ഞത്.
കലാലയ നാളുകള്‍ കൊണ്ട് നേടിയെടുത്ത ആയുധം പാതി വഴിയിലെവിടെയോ വീണു പോയിരുന്നു.
അതോ സ്വയം വലിച്ചെറിഞ്ഞതോ???
ബന്ധങ്ങളുടെ കുരുക്കുകളാല്‍ ബന്ധിതനായതു കൊണ്ട് കീഴടങ്ങുക എന്നുള്ളതായിരുന്നു ഏകമാര്‍ഗ്ഗം.
വാത്സല്യം വഴിഞ്ഞൊഴുകിയിരുന്ന മുഖങ്ങള്‍ ഭീകര സ്വപ്നങ്ങളില്‍ പ്രത്യക്ഷപ്പെട്ട് എന്നെ നോക്കി കണ്ണുരുട്ടിയപ്പോള്‍ അവയില്‍ തീ പാറുന്നത് ഞാന്‍ ശ്രദ്ധിച്ചു.
ഉത്കണ്ഠയില്‍ നിന്നും ഉത്ഭവിച്ച ചോദ്യ ചിഹ്നങ്ങള്‍ എന്റെ മുന്നില്‍ നാഗങ്ങളായ് പത്തി വിടര്‍ത്തിയാടി.
മോഹങ്ങളുടെ ഈയാമ്പാറ്റകള്‍ ആകാംക്ഷാജ്വാലയില്‍ സ്വയം എടുത്തു ചാടി വെന്ത് വെണ്ണീറായി.
ഗീതോപദേശങ്ങള്‍ എന്റെ അകക്കര്‍ണ്ണപുടങ്ങളില്‍ കൂരമ്പുകള്‍ തറച്ചു.
വികാരങ്ങളുടെ തലയില്ലാത്ത ഉടലുകള്‍ എനിക്കു ചുറ്റും സായൂജ്യത്തിനായ് അലഞ്ഞു.
മനസ്സിലെ തങ്ക വിഗ്രഹങ്ങള്‍ ഒന്നൊന്നായ് പിഴുതെറിയപ്പെടുന്നതും വിശ്വാസഗോപുരങ്ങല്‍ തകര്‍ന്നടിയുന്നതും സങ്കല്പ സൌധങ്ങള്‍ നിലം പതിക്കുന്നതും നിസ്സഹായനായ് ഞാന്‍ നോക്കി നിന്നു.
ഒടുവില്‍ , അവശേഷിച്ച ആത്മാവിന്റെ നിഴലിനേയും കാരാഗൃഹത്തിന്റെ ഘോരാന്ധകാരം ആര്‍ത്തിയോടെ വിഴുങ്ങി...!
                           .......................................

തടവറയിലെ കട്ടപിടിച്ച ഇരുട്ടിനെ ഞാന്‍ ഇപ്പോള്‍ പതുക്കെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.
എകാന്തതയുടെ സൌന്ദര്യം ആസ്വദിക്കാന്‍ പഠിച്ചിരിക്കുന്നു.
മറവിയുടെ മരുന്നു കഴിക്കുമ്പോള്‍ മുറിവുകളെല്ലാം കരിയുന്നുണ്ട്.
നാള്‍ക്കുനാള്‍ നിര്‍വികാരത ഉറഞ്ഞുകൂടി, ചുറ്റും 'നിസംഗത' എന്ന പടച്ചട്ട തീര്‍ക്കപ്പെട്ടിരിക്കുന്നു.
ഇപ്പോള്‍ ചോദ്യശരങ്ങള്‍ മുറിവേല്പിക്കാറില്ല. അവയെല്ലാം കാരിരുമ്പിനേക്കാള്‍ കഠിന്യമേറിയ ഈ പടച്ചട്ടയില്‍ തട്ടി നിഷ്പ്രഭമാകുന്നു.
സ്വപ്നങ്ങളേയും പ്രതീക്ഷകളേയും കൂടി പടിയടച്ച് പിണ്ഡം വെച്ചതോടെ, മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങളില്ല.. മുന്‍ ധാരണകളില്ല..വിലകുറഞ്ഞ വിദ്വേഷങ്ങളില്ല.. തരം താണ അസൂയകളുമില്ല...
എങ്ങും കൊടുങ്കാറ്റടങ്ങിയ ശാന്തത മാത്രം...
അനുഭവങ്ങള്‍ ഉരുക്കിയൊഴിച്ച് അനുദിനം കട്ടി കൂട്ടിയെടുത്ത നിസംഗത, അങ്ങനെയിപ്പോള്‍ ഏതു വെല്ലുവിളികളെയും പ്രതിരോധിക്കാനുള്ള ആയുധമായിത്തീര്‍ന്നിരിക്കുന്നു.

'നിസംഗത' എന്നാല്‍ നിഷ്ക്രിയത്വം ആണെന്നും , ഒരു മന്ദബുദ്ധിയുടെ വൈകാരികമായ മന്ദത മാത്രമാണെന്നും ആരോപിക്കുന്നവരോട് എനിക്ക് ഇപ്പോള്‍ ഒരേ ഒരു വികാരമേ തോന്നുന്നുള്ളൂ - 'നിസംഗത'.....!!!

4 comments:

  1. സ്വപ്നങ്ങളേയും പ്രതീക്ഷകളേയും കൂടി പടിയടച്ച് പിണ്ഡം വെച്ചതോടെ, മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റങ്ങളില്ല.. മുന്‍ ധാരണകളില്ല..വിലകുറഞ്ഞ വിദ്വേഷങ്ങളില്ല.. തരം താണ അസൂയകളുമില്ല...
    എങ്ങും കൊടുങ്കാറ്റടങ്ങിയ ശാന്തത മാത്രം...


    kollam.... nannayittundu... bt swopnagalum pratheeshakalum pindam vechu ozhichu onnu parayunnathu sathyam aano??? enikku athinodu yojikkan kazhiyunilla.... ellam neridam kazhiyunnathu thanney pratheeshayilekkulla oru maattam aanu....

    ReplyDelete
  2. @Dintz:
    സ്വപ്നങ്ങളെ പ്രണയിക്കുന്ന എന്റെ പ്രിയ സ്നേഹിതന്...
    ചിരിക്കാന്‍ മറന്നു പോയ ഒരു കാലത്തെ കുറിമാനമായതു കൊണ്ട് ഇതില്‍ ആഹ്ലാദമൊക്കെ പടുതിരി കത്തി അണഞ്ഞ മട്ടിലേ കാണാനിടയുള്ളൂ.
    നിദ്രാവിഹീനമായ മൂക രാത്രികളില്‍ ഞാന്‍ കണ്ണു തുറന്ന് കണ്ട പാഴ്ക്കിനാവുകളെയും ഏകാന്തത വിഴുങ്ങിയ ദിനങ്ങളില്‍ വിരസതയകറ്റാന്‍ സ്വയം കൂട്ടു പിടിച്ച പകല്‍ക്കിനാവുകളെയും ആണ് പടിയടച്ച് പിണ്ഡം വെച്ചു എന്ന് പറഞ്ഞത്. കനികളായ് മാറുമെന്നു കരുതിയ കിനാപ്പൂക്കളെല്ലാം വാടിക്കൊഴിയുന്നത് കണ്ടു വിങ്ങിയ ഹൃദയം സ്വപ്നങ്ങളെ തീരെ ഒഴിവാക്കാനുള്ള ബുദ്ധി കാണിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍..
    പ്രതീക്ഷകളെയും മുന്‍ധാരണകളെയും കുറിച്ച് "ABOUT ME" യില്‍ പരാമര്‍ശിച്ചിട്ടുണ്ടല്ലോ. അതൊക്കെ വേണ്ടെന്നു വെച്ചതിനാലാണ് പരിധിയില്ലാതെ ഈ ലോകത്തെ എനിക്ക് സ്നേഹിക്കാന്‍ കഴിയുന്നത്. തിരിച്ച് കിട്ടുമെന്നുള്ള പ്രതീക്ഷയൊന്നും ഇല്ലാത്തതിനാല്‍ നഷ്ടങ്ങളില്‍ വേദനിക്കേണ്ടതില്ലല്ലോ..

    ReplyDelete
  3. മന്ദബുദ്ധിയുടെ വൈകാരികമായ മന്ദത -aa prayogam ishtapettu..
    ninte vakkukalkku oru shudhi kai vannirikkunnu shekhara...

    ReplyDelete
  4. vayikkunnavarkk orikkalum nissangaravan kazhiyillatha varikal....
    ...............aashamsakal priya suhruthe...

    ReplyDelete